മലയാളത്തിന്റെ പ്രിയനടൻ ജയറാമിന്റെ 58ാം പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാൾ ആശംസകൾ, മികച്ച വർഷമായിരിക്കട്ടെ- എന്നാണ് മമ്മൂട്ടി കുറിച്ചത്.
ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയും പിറന്നാൾ ആശംസകൾ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാൾ ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മകൻ കാളിദാസ് ജയറാമും ആശംസകളുമായി എത്തി. സഹോദരി മാളവികയുടെ വിവാഹനിശ്ചയത്തിനിടെ പകർത്തിയ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.
ജയറാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഒസ്ലർ പോസ്റ്ററിനൊപ്പമാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആശംസ അറിയിച്ചത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ജയറാം എത്തുന്നത്. മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.