പത്തനംതിട്ട : വീടിനുള്ളിൽ 52കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. നെടുമണ്‍ ഓണവിള പുത്തന്‍വീട്ടില്‍ അനീഷ് ദത്തനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരനും സുഹൃത്തും പിടിയിലായി. മനോജ് ദത്തന്, ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അനീഷ് ദത്തനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ ശാന്തമ്മയ്ക്കൊപ്പമാണ് അനീഷും മനോജും കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാത്രി അനീഷും പ്രതികളും കൂടി മദ്യപിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ ശാന്തമ്മയാണ് മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്. മദ്യപാനത്തിനിടെ മൂവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ശാന്തമ്മയും മൊഴിനല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമെന്ന് സൂചനയുണ്ടായിരുന്നു.
തുടർന്ന് മനോജ് ദത്തനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ മൂവരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ പിടിവലിയും നടന്നിരുന്നു. ഈ പിടിവലിക്കിടെ അനീഷ് ദത്തന്റെ തലയിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹൃദ്രോഗിയായ അനീഷ് അടുത്തിടെയാണ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് അനീഷിന്റെ ഭാര്യയും മക്കളും ഏറെനാളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.