തിരുവനന്തപുരം : ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തിത്തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച ലഭ്യമായിത്തുടങ്ങിയെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്താനും നടപടിതുടങ്ങി. പായ്ക്കറ്റിൽ വിൽക്കുന്ന നൂറോളം സാധനങ്ങൾക്ക് ഓണക്കാലത്ത് വിലക്കിഴിവുണ്ടാവും. അഞ്ചുമുതൽ അമ്പതുവരെ ശതമാനം വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ പദ്ധതി. ഇതിനായി കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് തിങ്കളാഴ്ച സാധനങ്ങൾ എത്തിത്തുടങ്ങിയത്. വരുംദിവസങ്ങളിലും തുടരും. മൂന്നോ നാലോ സാധനങ്ങളുടെ ശേഖരമേ തീർന്നിട്ടുള്ളൂവെന്നും വെള്ളിയാഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. വറ്റൽമുളകിന് ക്ഷാമം നേരിടുന്നതിനാൽ മുളകുപൊടി ലഭ്യമാക്കാനാണ് ശ്രമം. ക്ഷാമം നേരിടുന്ന വൻപയർ, കറുത്ത കടല എന്നിവയ്ക്ക് റീ-ടെൻഡർ ക്ഷണിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോടു പറഞ്ഞു.
വിപണി ഇടപെടലിന് ധനവകുപ്പ് പ്രത്യേകം തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. കഴിഞ്ഞദിവസം 500 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച തുക അനുവദിച്ചിട്ടില്ല. ചോദിച്ച തുക മുഴുവൻ നൽകുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും വിപണി ഇടപെടലിന് മതിയായ തുക നൽകാനാണ് ധാരണ. മഞ്ഞക്കാർഡുകാർ ഉൾപ്പെടെ ഏഴുലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാനുള്ള ഭക്ഷ്യവകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തിട്ടില്ല. ബുധനാഴ്ച മന്ത്രിസഭകൂടി പരിഗണിച്ചശേഷം അന്തിമതീരുമാനം ഉണ്ടായേക്കും.