കെ.എസ്.ഇ.ബിയുടെ സൗരോർജ പദ്ധതികളിലൂടെ നടക്കുന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്ന് ഏഷ്യാനെറ്റ് ന്യൂസ്. പദ്ധതിയുടെ നോഡൽ ഏജൻസിയായ ഇൻകെലിലെ ഉന്നതർ ചട്ടങ്ങൾക്ക് വിരുദ്ധമായി ഉപകരാർ നൽകി അഞ്ചുകോടി തട്ടിയ വാർത്തയാണ് ഏഷ്യാനെറ്റ് പുറത്തുകൊണ്ടുവന്നത്. വാർത്ത പുറത്തുവന്നതോടെ പൊതുഖജനാവിൽ എത്തേണ്ട തുക അക്കൗണ്ടിലൂടെയും കള്ളപ്പണമായും തട്ടിയെടുത്ത ഇൻകെൽ ജനറൽ മാനേജർ സാം റൂഫസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വ്യവസായ മന്ത്രി ചെയർമാനായുള്ള ഇൻകെലിനാണ് കെ.എസ്.ഇ.ബിയുടെ ഏഴ് മെഗാവാട്ട് പദ്ധതിയുടെ കരാർ ലഭിച്ചത്. ഉപകരാർ പാടില്ല എന്ന നിബന്ധനയോടെ ഇൻകെലിന് ലഭിച്ച പാലക്കാട് കഞ്ചിക്കോടും ബ്രഹ്മപുരത്തുമായി ഉള്ള സോളാർ പ്ലാന്റിന്റെ കരാറിൽ ആ വ്യവസ്ഥ അട്ടിമറിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ സ്വന്തം കീശ വീർപ്പിച്ചത്. പ്ലാന്റ് പൂർത്തിയാക്കി ഉൽപ്പാദനവും ആരംഭിച്ച ശേഷം പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറണം എന്നായിരുന്നു വ്യവസ്ഥ. 2020 ജൂണിൽ കരാർ ചട്ടങ്ങൾ ലംഘിച്ച് ഇൻകെൽ ഉപകരാർ നൽകി. 33 കോടി 99 ലക്ഷം രൂപക്ക് തമിഴ്നാട്ടിലെ റിച്ച് ഫൈറ്റോകെയർ എന്ന കമ്പനിക്കാണ് ഇൻകെൽ കരാർ മറിച്ചു നൽകിയത്. വാട്ട് ഒന്നിന് 56 രൂപക്ക് കെ.എസ്.ഇ.ബി നൽകിയ കരാർ 44 രൂപയ്ക്കാണ് ഇൻകെൽ സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകിയത്.
ഇതിലൂടെ ഇൻകെൽ റിന്യൂവബിൾ എനർജി ജനറൽ മാനേജർ സാം റൂഫസിന് ലഭിച്ചത് രണ്ടരക്കോടി രൂപയാണ്. ഇടനിലക്കാരനും സാം റൂഫസും കരാർ ഉറപ്പിക്കുന്ന ശബ്ദരേഖ അടക്കമാണ് കറന്റ് കോഴ വാർത്തയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സംഘം പുറത്തുകൊണ്ടുവന്നത്.
ഇൻകെൽ എംഡി അടക്കമുള്ളവർക്ക് പണം നൽകണമെന്ന് ശബ്ദരേഖയിലുണ്ട്. 44 രൂപയിൽ തുടങ്ങിയ ചർച്ച കരാർ ഒപ്പിടുമ്പോഴേക്കും 48 രൂപ വരെയായി. വാട്ട് ഒന്നിന് നാല് രൂപ ഉദ്യോഗസ്ഥ സംഘത്തിന്റെ കൈയ്യിൽ. അതായത് ആകെ കോഴ അഞ്ചുകോടിയായി മാറി. ഉപകരാർ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും ഇടനിലക്കാരന്റെ അക്കൗണ്ടിലേക്കും അതിൽ നിന്നും സാം റൂഫസിന്റെ മൂന്നു ബാങ്ക് അക്കൗണ്ടിലേക്ക് പണമായി പോയ അൻപതുലക്ഷത്തിന്റെ വിവരങ്ങളും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
ഇൻകെലിലും കെ.എസ്.ഇ.ബിയിലും എത്ര ഉദ്യോഗസ്ഥരുടെ കൈയ്യിൽ കോടികളുടെ കോഴപ്പണം എത്തിയെന്നതും ഈ അഴിമതിയുടെ ചരട് ഭരണത്തലത്തിലേക്ക് എത്തുമോ എന്നതും ചർച്ചയാക്കിക്കൊണ്ടാണ് ഏഷ്യാനെറ്റ് കറന്റ് കോഴ വാർത്ത ശ്രദ്ധേയമാകുന്നത്. സമഗ്രമായ വകുപ്പുതലഅന്വേഷണത്തിന് ഇൻകെൽ ഉത്തരവ് ഇട്ടിട്ടുണ്ടെങ്കിലും ഈ കോഴയുടെ കാണാച്ചരടുകൾ ഇനിയും പുറത്തുവരുമെന്നാണ് ധൃതഗതിയിൽ എടുത്ത നടപടികൾ തെളിയിക്കുന്നത്.