റായ്പുർ : ഇന്ത്യയുടെ സ്പിൻ കരുത്തിൽ ഓസ്ട്രേലിയ വീണു. അക്സർ പട്ടേലും രവി ബിഷ്ണോയിയും പടനയിച്ചപ്പോൾ നാലാം ട്വന്റി 20 ഇരുപത് റണ്ണിന് ജയിച്ച് ഇന്ത്യ അഞ്ച് മത്സര പരമ്പര സ്വന്തമാക്കി (3–-1). 175 റൺ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺ നേടാനെ കഴിഞ്ഞുള്ളു. അക്സർ നാലോവറിൽ 16 റൺ വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബിഷ്ണോയ് വഴങ്ങിയത് 17 റൺ. ഒരു വിക്കറ്റുമുണ്ട് വലംകൈയന്. റിങ്കു സിങ്ങിന്റെയും (29 പന്തിൽ 46) ജിതേഷ് ശർമയുടെയും (19 പന്തിൽ 35) വെടിക്കെട്ടിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
സ്കോർ: ഇന്ത്യ 174/9 ഓസ്ട്രേലിയ 154/7
റായ്പുരിൽ ഇരുടീമുകളും വലിയ മാറ്റങ്ങളോടെയാണ് എത്തിയത്. സൂര്യകുമാർ നയിക്കുന്ന ഇന്ത്യ നാല് മാറ്റങ്ങൾ വരുത്തി. വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരിച്ചെത്തി. ആദ്യ മൂന്ന് കളിയിലും ഈ വലംകൈയൻ ഉണ്ടായിരുന്നില്ല. തിലക് വർമ പുറത്തിരുന്നു. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനുപകരം ജിതേഷ് ശർമയും ഇടംപിടിച്ചു. മുകേഷ്കുമാർ, ദീപക് ചഹാർ എന്നിവരും പേസ് ബൗളിങ് നിരയിൽ എത്തി. പ്രമുഖതാരങ്ങൾ നാട്ടിലേക്ക് മടങ്ങിയതോടെ പുതുനിരയുമായാണ് ഓസീസ് കളത്തിലിറങ്ങിയത്. അഞ്ച് മാറ്റങ്ങൾ വരുത്തി. ജോഷ് ഫിലിപ്പെ, ബെൻ മക്ഡെർമോട്ട്, മാത്യു ഷോട്ട്, ബെൻ ഡോർഷ്യസ്, ക്രിസ് ഗ്രീൻ എന്നിവരെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (28 പന്തിൽ 37) ഋതുരാജ് ഗെയ്ക്വാദും (28 പന്തിൽ 32) പതിഞ്ഞ തുടക്കമാണ് നൽകിയത്. കഴിഞ്ഞകളികളിൽ മിന്നിയ ഇരുവർക്കും തകർത്തടിക്കാനായില്ല. ആറാംഓവറിൽ ജയ്സ്വാളിനെ മടക്കി ആരോൺ ഹാർഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 50 റണ്ണാണ് ഇരുവരും ചേർത്തത്. മൂന്നാമനായെത്തിയ ശ്രേയസിന് താളമുണ്ടായില്ല. ഏഴ് പന്തിൽ എട്ട് റൺമാത്രമേ നേടാനായുള്ളൂ. പിന്നാലെ സൂര്യകുമാറും (1) പുറത്തായതോടെ ഇന്ത്യ 63/3 എന്നനിലയിൽ പരുങ്ങി. വൈകാതെ ഗെയ്ക്വാദും കളംവിട്ടു. പിന്നാലെ ഒത്തുകൂടിയ റിങ്കു സിങ്ങും (29 പന്തിൽ 46) ജിതേഷും (19 പന്തിൽ 35) ഇന്ത്യയെ കരകയറ്റി. അഞ്ചാംവിക്കറ്റിൽ 56 റൺ പിറന്നു. റിങ്കു രണ്ട് സിക്സറും നാല് ഫോറും നേടിയപ്പോൾ ജിതേഷ് മൂന്ന് സിക്സും ഒരു ബൗണ്ടറിയും പായിച്ചു. എന്നാൽ, ജിതേഷിനെയും അക്സറിനെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി ബെൻ ഡോർഷ്യസ് നാശംവിതച്ചു. റിങ്കു അവസാന ഓവറിൽ പുറത്തായി. അവസാന അഞ്ച് ഓവറിൽ 45 റൺമാത്രമാണ് ഇന്ത്യ നേടിയത്. അഞ്ച് വിക്കറ്റും നഷ്ടമായി.
മറുപടിയിൽ സൂപ്പർതാരം ട്രാവിസ് ഹെഡ് (16 പന്തിൽ 31) ഓസീസിന് പ്രതീക്ഷ നൽകിയെങ്കിലും ഈ ഇടംകൈയനെ മുകേഷ് കുമാറിന്റെ കൈകളിലെത്തിച്ച് അക്സർ ഇന്ത്യക്ക് മേധാവിത്വം നൽകി. പിന്നീട് ഇടവേളകളിൽ കൃത്യമായി ഓസീസിന് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ മാത്യു വെയ്ഡ് (23 പന്തിൽ 36) പൊരുതിനോക്കിയെങ്കിലും മതിയായില്ല. നാളെ ബംഗളൂരുവിലാണ് അവസാന ട്വന്റി 20.