ഡെറാഢൂണ്‍ : തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ പരിചരണത്തിനായി 41 ഓക്സിജന്‍ ബെഡുകള്‍ സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരകാശിയിലെ ചിന്യാസൗറില്‍ ഓക്സിജന്‍ സൗകര്യമുള്ള ബെഡുകള്‍ ഒരൂക്കിയിരിക്കുന്നത്. അതേസമയം കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വിജയത്തിനരികെയെത്തി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്സിജന്‍ മാസ്ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
9 കുഴലുകള്‍ തുരങ്കത്തിലേക്കു സ്ഥാപിച്ചു. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷ. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി സ്ഥലത്തെത്തി.
തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയില്‍ കാണിച്ചശേഷം വീട്ടിലേക്കു പോകാന്‍ അനുവദിക്കും. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി.