തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. ജൂലൈ ഒന്നിന് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സര്‍വകലാശാലകളിലെയും ഒരു വര്‍ഷത്തെ പഠനവും പാഠ്യേതര പ്രവര്‍ത്തനത്തനവും ഏതാണ്ട് ഒരേ സ്വഭാവത്തിലാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ സര്‍വകലാശാലകളിലെയും രജിസ്ട്രാര്‍മാര്‍ ചേര്‍ന്ന സമിതിയാണ് അക്കാഡമിക് കലണ്ടര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം തയാറാക്കിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദവും നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാർഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഓണേഴ്സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേര്‍ന്നോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതവും ചേര്‍ന്നോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്പന ചെയ്യാന്‍ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളില്‍ അക്കാഡമിക് കൗണ്‍സിലര്‍മാരുണ്ടാവും.
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എന്‍ മൈനസ് വണ്‍ സംവിധാനം അനുസരിച്ച് രണ്ടര വര്‍ഷം കൊണ്ടുതന്നെ ബിരുദം പൂര്‍ത്തീകരിക്കാനുള്ള അവസരം ഉണ്ടാകും. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കുന്ന സംവിധാനമാണിത്.റെഗുലര്‍ കോളജ് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കോഴ്സുകള്‍ ചെയ്യാനും അതിലൂടെ ആര്‍ജിക്കുന്ന ക്രെഡിറ്റുകള്‍ ബിരുദ/ഓണേഴ്സ് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ ഉപയോഗപ്പെടുത്താനും സാധിക്കും.
അന്തര്‍സർവകലാശാല മാറ്റത്തിനും ഈ പുതിയ രീതി അനുസരിച്ചു കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. പഠനത്തിനിടയ്ക്ക് താത്പര്യമുള്ള വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും. എല്ലാ കലാലയങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുള്ള സേവനാവകാശ പത്രിക ഉടന്‍ പുറത്തിറക്കും. അഡ്മിഷന് സംബന്ധിച്ച ഹെല്പ് ഡസ്കുകള്‍ എല്ലാ കലാലയങ്ങളിലും സര്‍വകലാശാലകളിലും സജ്ജമാക്കുമെന്നും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.