ന്യൂഡൽഹി: നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ പ്രചാരണം നടത്തും.പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഇന്ന് നിശബ്ദ പ്രചാരണമാണ്. നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലായി1717 സ്ഥാനാർഥികളാണ് മത്സരംഗത്ത് ഉള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്,കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, അർജുൻ മുണ്ട,കോൺഗ്രസ് നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ തുടങ്ങിയ പ്രമുഖർ നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ആദ്യം മൂന്ന് ഘട്ടങ്ങളിലെയും പോളിംഗ് ശതമാനത്തിലെ കുറവ് മറികടക്കാൻ വലിയ നീക്കങ്ങളുമായാണ് പാർട്ടികൾ തയ്യാറായിരിക്കുന്നത്.