മലപ്പുറം : മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം സുന്ദരം ഫിനാൻസ് മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ സബീഷ് (37), ഭാര്യ എസ്ബിഐ ജീവനക്കാരിയായ കണ്ണൂർ കുറുമാത്തൂർ വരഡൂർ ചെക്കിയിൽ വീട്ടിൽ ഷീന (38), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർധൻ (രണ്ടര) എന്നിവരാണ് മരിച്ചത്.
സബീഷും ഷീനയും രണ്ട് മുറികളിലായി തൂങ്ങിമരിച്ചനിലയിലായിരുന്നു. സബീഷ് മരിച്ച മുറിയിലെ കട്ടിലിലായിരുന്നു ശ്രീവർധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡിലായിരുന്നു. സഹോദരൻ ഷീനയെ വിളിച്ച് കിട്ടാതായപ്പോൾ സംശയംതോന്നി രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. അടുക്കളവശത്തെ ഗ്രിൽ വഴി അകത്തുകടന്ന പൊലീസാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നെന്ന് കരുതുന്നു. കാസർകോട് എസ്ബിഐയിൽ അടുത്തദിവസം ചുമതലയേൽക്കാനിരിക്കുകയായിരുന്നു ഷീന. നാരായണനാണ് അച്ഛൻ. ബാബുവിന്റെ മകനാണ് സബീഷ്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. രണ്ടുവർഷമായി ഇവർ മലപ്പുറത്ത് താമസം തുടങ്ങിയിട്ട്. എസ്ഐ വി ജിഷിലിന്റെയും എഎസ്ഐ വേലായുധന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ “ദിശ’ ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)