കൊച്ചി : രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ സ്ഥാപിക്കുന്നതിനുള്ള നാല് കൂറ്റൻ ഗാൻട്രി ക്രെയിനുകൾ എത്തി. സിംഗപ്പൂരിൽനിന്നാണ് ക്രെയിനുകൾ എത്തിയത്. രണ്ട് മെഗാ മാക്സ് ക്രെയിനുകൾകൂടി ഡിസംബറിൽ എത്തുന്നതോടെ ഐസിടിടിയുടെ കണ്ടെയ്നർ കൈകാര്യശേഷി പതിന്മടങ്ങാകുമെന്ന് കണക്കാക്കുന്നു.
രണ്ട് ഷിപ് ടു ഷോർ മെഗാ മാക്സ് ക്രെയിനുകൾ ഉൾപ്പെടെ ആറ് പുതിയ ക്രെയിനുകളാണ് പുതുതായി വല്ലാർപാടത്ത് സ്ഥാപിക്കുക. 2024ന്റെ ആദ്യപാദം ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺകൂടി യാഥാർഥ്യമാകുന്നതോടെ വല്ലാർപാടത്തിന്റെ കണ്ടെയ്നർ കൈകാര്യ ശേഷിയും ബിസിനസും വർധിക്കും. ടെർമിനൽ നടത്തിപ്പുചുമതലയുള്ള ദുബായ് പോർട്ട് വേൾഡ് ആണ് ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ സ്ഥാപിക്കുന്നത്.
തുറമുഖ ടെർമിനലിന്റെ ഭാഗമായി സ്ഥാപിതമാകുന്ന രാജ്യത്തെ ആദ്യ ഫ്രീ ട്രേഡ് വെയർഹൗസിങ് സോണാണ് ഇത്. കുറഞ്ഞ നിരക്കിൽ നിശ്ചിതകാലത്തേക്ക് കണ്ടെയ്നർ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമുള്ള സൗകര്യമാണ് ഫ്രീട്രേഡ് വെയർഹൗസിങ് സോണിലുണ്ടാകുക. ടെർമിനലിനോടുചേർന്ന് 1.2 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് സോൺ സജ്ജീകരിക്കുക. 85 കോടി രൂപയാണ് ചെലവ്. കൊച്ചിക്കുപിന്നാലെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും ഡിപി വേൾഡ് ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ സ്ഥാപിക്കുന്നുണ്ട്. വല്ലാർപാടം ടെർമിനലിന്റെ മികച്ച റോഡ്, റെയിൽ കണക്ടിവിറ്റിയും രണ്ടാംഘട്ട വികസന പദ്ധതികൾക്ക് കരുത്താകും.
കൊച്ചിൻ തുറമുഖ ട്രസ്റ്റുമായുള്ള ലൈസൻസ് കരാർ വ്യവസ്ഥയനുസരിച്ചുള്ള കണ്ടെയ്നറുകൾ വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനലിൽ കൈകാര്യം ചെയ്യുന്നില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര ടെർമിനൽ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽക്കൂടിയാണ് വല്ലാർപാടത്ത് സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടി.