ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. എൻ.ഡി.എയുടെ പാർലമെന്ററി യോഗത്തിന് മുന്നോടിയായി ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി ഇക്കാര്യം പുറത്തുവിട്ടു. കേരളത്തിൽ നിന്നുള്ള ഏക ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയും നടന്നേക്കും. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 8,000ലധികം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവുമുണ്ടാവും. ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.പിമാർക്കും അവരുടെ പങ്കാളിക്കും മൂന്ന് അതിഥികൾക്കും ഒപ്പമെത്താമെന്ന് യോഗത്തിൽ അറിയിച്ചു.