തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.
വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.
സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിനു തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.