മുംബൈ : മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി ഇരു എന്‍സിപി വിഭാഗങ്ങളും. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 35 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്തിയത്. നാല്‍പ്പത് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെട്ടിരുന്നത്. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ ഉള്ളത്. മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് അജിത് പവാര്‍ പക്ഷത്തിന്റെ യോഗം. നരിമാന് പൊയിന്റില്‍ വെച്ചാണ് ശരദ് പവാര്‍ പക്ഷത്തിന്റെ യോഗം നടന്നത്. പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ശരദ് പവാര്‍ പക്ഷം വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 13 എംഎല്‍എമാര്‍ മാത്രമാണ് ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും തങ്ങള്‍ക്ക് നല്‍കണമെന്നും അജിത് പവാര്‍ ക്യാമ്പ് അവകാശവാദമുന്നയിച്ചിരുന്നു. ശരദ് പവാറിനെ പിന്തുണച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. 83കാരനായ പോരാളി വീണ്ടും പോരാട്ടത്തിന് ഇറങ്ങുന്നു എന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. അജിത് പവാറിനെ പിന്തുണയ്ക്കുന്നവരും പ്രകടനവുമായി അജിത്തിന്റെ വസതിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.