ഡൽഹി: വഖഫ് ബില്ലിനെ പിന്തുണച്ച് ആർഎസ്എസ് ബന്ധമുള്ള സംഘടന ഉൾപ്പെടെ മൂന്ന് മുസ്ലിം സംഘടനകൾ. വെള്ളിയാഴ്ച ചേർന്ന വഖഫ് (ഭേദഗതി) ബില്ലിന്റെ സംയുക്ത പാർലമെന്ററി പാനൽ യോഗത്തിലാണ് വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികളെ ആർഎസ്എസ് അനൂകൂല സംഘടനടയടക്കം പിന്തുണച്ചത്.
ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ, ആർഎസ്എസ് രൂപീകരിച്ച മുസ്ലിം രാഷ്ട്രീയ മഞ്ച്*, എൻജിഒ ഭാരത് ഫസ്റ്റ് എന്നീ മൂന്ന് സംഘടനകളാണ് പിന്തുണച്ചത്. സംയുക്തസമിതിക്ക് മുന്നിൽ ഓരോ സംഘടനകളും വെവ്വേറെ അവതരണമാണ് നടത്തിയത്. പ്രതിപക്ഷ അംഗങ്ങൾ സംഘടനകളുടെ അവകാശവാദങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയത് സംഘടനകളെ പ്രതിരോധത്തിലാക്കി.
വെള്ളിയാഴ്ച നടന്ന യോഗത്തിലും എൻഡിഎ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങളാണ് നടന്നത്. സമിതിയുടെ നേതൃത്വത്തിൽ വഖഫുമായി ബന്ധമുള്ള വിവിധ നഗരങ്ങൾ സന്ദർശിക്കും. സെപ്റ്റംബർ 26 നും ഒക്ടോബർ 1 നും ഇടയിൽ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വഖഫ് ബില്ലുമായി ബന്ധപ്പെട്ട് യോഗങ്ങളും കൂടിക്കാഴ്ചയും നടത്താൻ സമിതി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റി അധ്യക്ഷൻ ജഗദാംബിക പാലുമായി ജമാഅത്തെ ഇസ്ലാമി ഉന്നതതല പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായി നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമായതിനാലും വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തിനും പരിപാലനത്തിനും കാര്യമായി ഭീഷണി ഉയർത്തുന്നതിനാലും നിർദിഷ്ട ബില്ലിനെക്കുറിച്ച് ജമാഅത്ത് പ്രതിനിധികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്. പാർലമെന്ററി സമിതിയുടെ ആദ്യയോഗത്തിൽ സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. എൻ.ഡി.എ ഘടക കക്ഷികളടക്കം മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ബി.ജെ.പി ഒറ്റപ്പെട്ടത്.