ബംഗളൂരു: കർണാടകയിൽ വീണ്ടും ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എൽ.എമാരായ ബി.എം. സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. രണ്ടു ബി.ജെ.പി എം.എൽ.എമാർകൂടി കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തുമെന്നാണ് വിവരം. 2019ൽ സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയിലേക്ക് ചേക്കേറിയ എം.എൽ.എമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരാണ് മടങ്ങാനൊരുങ്ങുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത സോമശേഖറിനും വോട്ടെുപ്പിൽനിന്ന് വിട്ടുനിന്ന ശിവറാം ഹെബ്ബാറിനും ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബി.ജെ.പി സർക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷൻ ചെയർമാനായി നിയമിച്ചത്.നേരത്തെ ഇദ്ദേഹം കോൺഗ്രസിനോടൊപ്പമായിരുന്നു. 2009ലും 2014ലും ഉഡുപ്പി-ചിക്കമംഗലൂർ സീറ്റിൽനിന്ന് ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2012ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയുണ്ടായി. ബ്രഹ്മവാർ നിയമസഭാ മണ്ഡലത്തിൽനിന്ന് രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു തവണ സ്വതന്ത്രനായും മറ്റൊരു തവണ പഴയ ജനതാളിന്റെ സ്ഥാനാർഥിയുമായാണ് മത്സരിച്ചത്. അന്നത്തെ ജനതാദൾ സർക്കാറിൽ തുറമുഖ, ഫിഷറീസ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഉഡുപ്പി ജില്ലയുടെ രൂപീകരണത്തിന് നിർണായക പങ്കുവഹിച്ചു. അഭിഭാഷകനായ ഹെഗ്ഡെയെ 2015ൽ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ബി.ജെ.പിയിൽ ചേരുകയായിരുന്നു.
ബി.എം. കുമാർ ഷെട്ടിയും കുമാരസ്വാമിയും മുൻ ബി.ജെ.പി എം.എൽ.എമാരാണ്. 2018ൽ ബൈന്ദൂർ നിയമസഭാ മണ്ഡലത്തിൽനിന്നാണ് ബി.എം.സുകുമാർ ഷെട്ടി വിജയിച്ചത്. കുമാരസ്വാമി മൂന്ന് തവണ മുടിഗെരെ നിയമസഭയിൽനിന്ന് വിജയിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവർക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചു. തുടർന്ന് കുമാരസ്വാമി ജെ.ഡി.എസ് ടിക്കറ്റിൽ മുടിഗെരെയിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഊർജ മന്ത്രി കെ.ജെ. ജോർജ് തുടങ്ങിയ നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് മൂവരും കോൺഗ്രസിൽ ചേർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് മൂന്നുപേരും വ്യക്തമാക്കി.
യുഎസിൽ സേവനം പുനരാരംഭിച്ച് ടിക് ടോക്ക്
Read more