തിരുവനന്തപുരം: 28ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. നടൻ നാനാ പടേക്കർ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ‘ഗുഡ് ബൈ ജൂലിയയാണ് ഇത്തവണത്തെ’ ഉദ്ഘാടന ചിത്രം.
വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡും ഉദ്ഘാടന വേദിയിൽ വച്ച് സമ്മാനിക്കും. യുദ്ധ വിരുദ്ധ സന്ദേശം നൽകാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഗുഡ്ബൈ ജൂലിയയുടെ പ്രദർശനം യുദ്ധത്തിനെതിരെയുള്ള കേരളത്തിന്റെ നിലപാട് കൂടി സൂചിപ്പിക്കുന്നതാകും.
15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 14 ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മത്സര വിഭാഗത്തിൽ ഏക മലയാള ചിത്രം തടവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയിൽ ഒന്നാണ്. പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയർപേഴ്സണായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്.
ഇന്ന് മുതൽ ഈ മാസം 15 വരെ നടക്കുന്ന മേളയുടെ ഭാഗമായി എക്സിമ്പിഷനുകൾ , മീറ്റ് ദി ഡയറക്ടർ, മറ്റു കലാസാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറും…