ന്യൂഡല്‍ഹി : കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ കാലത്തിനെ അപേക്ഷിച്ച് ബജറ്റില്‍ ഏഴുമടങ്ങ് തുക വകയിരുത്തിയതായി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. ബജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപയാണ് നീക്കിവെച്ചത്. യുപിഎ കാലത്ത് ഇത് 372 കോടി മാത്രമാണ്. യുപിഎ കാലത്തെ അപേക്ഷിച്ച് ഏഴുമടങ്ങ് അധിക വിഹിതമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ 92 മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളും നിര്‍മ്മിച്ചു. ഇക്കാലയളവില്‍ 34 ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും 48 ലിഫ്റ്റുകളുമാണ് പണിതത്. ട്രെയിന്‍ വേഗം കൂട്ടുന്നതിന് വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വളവുകള്‍ നിവര്‍ത്തിയാല്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേഭാരതിന് സഞ്ചരിക്കാന്‍ സാധിക്കും. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. കേരളത്തില്‍ റെയില്‍വേ വികസനം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 35 സ്റ്റേഷനുകളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. റെയില്‍ സാഗര്‍ കേരളത്തിന് ഗുണകരമാകും. വന്ദേഭാരത് സ്ലീപ്പര്‍ ഉടന്‍ കേരളത്തിന് അനുവദിക്കും.വന്ദേ മെട്രോയും വൈകില്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഒട്ടേറെ റെയില്‍വേ പദ്ധതികള്‍ സംസ്ഥാനത്തിന്റെ അനുമതി കാത്തുകിടക്കുന്നുണ്ട്. ശബരി റെയിലില്‍ വലിയ പ്രതീക്ഷയുണ്ട്. ശബരി റെയിലുമായി ബന്ധപ്പെട്ട് രണ്ട് അലൈന്‍മെന്റുകളാണ് പരിഗണനയിലുള്ളത്.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.