തിരുവനന്തപുരം : ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശി അക്ഷയ (28) എന്നിവരാണ് അറസ്റ്റിലായത്.
കുളത്തൂർ സ്വദേശിയായ ഷൈൻ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ആദ്യഘട്ടത്തിൽ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നൽകി. ഇത്തരത്തിൽ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽകുതയായിരുന്നു.
തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇത്തരത്തിൽ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു. പൊഴിയൂർ എസ്എച്ച്ഒ അബ്ദുൾ കലാം ആസാദിന്റെ നേതൃത്വത്തിൽ എഎസ്ഐ ജയലക്ഷ്മി, സാജൻ, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.