മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു.
നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന് സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്. നിരവധി രോഗികള്‍ ഇവിടെ അതീവ ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആവശ്യത്തിനു മരുന്നും ജീവനക്കാരും ഇല്ലാത്തതാണ് മതിയായ ചികിത്സ നല്കാന് സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു അധികൃതര്‍ പറഞ്ഞു. വിവിധ അസുഖങ്ങള്‍ക്കായി ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിച്ച രോഗികളില്‍ മിക്കവരും പാമ്പു കടിക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു.
70-80 കിലോമീറ്റര്‍ പരിധിയില്‍ ഈ ഒരു ആശുപത്രി മാത്രമേയുള്ളു. ദൂരെയുള്ള രോഗികള്‍ പോലും ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
ആശുപത്രിയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്താണ് സംഭവിച്ചതെന്നു സംബന്ധിച്ചു റിപ്പോര്‍ട്ട് തേടും. കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി.