ബംഗളൂരു : ബിജെപിക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം തിങ്കളാഴ്ച ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പാർടിയുടെ പ്രതിനിധികൾ പങ്കെടുക്കും. പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ജൂൺ 23നു ചേർന്ന ആദ്യ യോഗത്തിൽ 15 കക്ഷികൾ പങ്കെടുത്തിരുന്നു.
ബംഗളൂരുവിൽ കോൺഗ്രസാണ് ആതിഥേയർ. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവർ പങ്കെടുക്കും. കാലിലെ പരിക്കിനെത്തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കുമെന്നാണ് ഒടുവിലെ വിവരം.
തിങ്കൾ വൈകിട്ട് സോണിയയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. അനൗദ്യോഗിക ചർച്ചയുമുണ്ടാകും. ചൊവ്വ വൈകിട്ട് സംയുക്ത വാർത്താസമ്മേളനം. പൊതുമിനിമം പരിപാടി തയ്യാറാക്കാൻ സമിതി രൂപീകരിക്കും. കൂട്ടായ്മയ്ക്ക് പേര് നൽകുന്നതും പരിഗണനയിലുണ്ട്.
പങ്കെടുക്കുന്ന പാർടികൾ
കോൺഗ്രസ്, എഎപി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ജെഡിയു, സമാജ്വാദി പാർടി, സിപിഎം, സിപിഐ, സിപിഐ എംഎൽ, എൻസിപി, ജാർഖണ്ഡ് മുക്തിമോർച്ച, നാഷണൽ കോൺഫറൻസ്, പിഡിപി, ശിവസേന (ഉദ്ദവ് വിഭാഗം), പട്നയിൽ പങ്കെടുക്കാത്ത ആർഎൽഡി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്), മുസ്ലിംലീഗ്, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കുദേശ മക്കൾ കക്ഷി (കെഡിഎംകെ).