റായ്പൂര്‍ : ഛത്തീസ്ഗണ്ഡില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബീജാപൂര്‍, കാന്‍ഗീര്‍ മേഖലകളിലുണ്ടായ പൊലീസ് നടപടിയിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ ഏഴ് മണിയോടെ ആയിരുന്നു ദന്തേവാഡ മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. ഗംഗ്ലൂര്‍ പൊലീസ് സ്റ്റേഷന് മേഖലയില്‍ ആയിരുന്നു സംയുക്ത സേനയുടെ ഓപ്പറേഷന്. 18 മാവോയിസ്റ്റുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. തോക്കും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെ ആയുധ ശേഖരങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് സ്റ്റേറ്റ് പൊലീസിലെ ജവാന് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാന്‍ഗീര്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കൊറോസ്കോഡോ എന്ന ഗ്രാമത്തിലായിരുന്നു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് എന്നിവയുടെ സംയുക്ത സേനയാണ് മാവോയിസ്റ്റ് തിരച്ചിലിന് ഇറങ്ങിയത്.
മാവോയിസ്റ്റുകള്‍ക്ക് എതിരായ സുരക്ഷാ സേനയുടെ നടപടിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. മാവോയിസ്റ്റ് മുക്ത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ് എന്ന് അഭിപ്രായപ്പെട്ട മന്ത്രി, ഏറ്റുമുട്ടല്‍ വലിയ വിജയം ആയിരുന്നു എന്നും എക്സ് പോസ്റ്റില്‍ അവകാശപ്പെട്ടു. മാവോയിസ്റ്റുകളെ കേന്ദ്ര സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്തെ നേരിടും. അടുത്തവര്‍ഷം മാര്‍ച്ച് 31 ന് മുന്‍പ് രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കും എന്നും അമിത് ഷാ അവകാശപ്പെട്ടു.