മുംബൈ : മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലിൽ (സിഎസ്എംഎച്ച്) ഒരു മാസത്തിനിടെ 21 നവജാത ശിശുകൾ മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ നിന്നും അവസാന നിമിഷം വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും ജനിച്ച ഉടൻ ചികിത്സ നിർണായകമായ ഘട്ടത്തിൽ അവരെ ആശുപത്രിയിൽ എത്തിച്ചിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേസമയം ആശുപത്രിയിൽ 15 കുഞ്ഞുങ്ങൾ ജനിച്ചതായും ആറ് ശിശുകളെ വിദഗ്ധ ചികിത്സക്കെത്തിച്ചതായും ചൈൽഡ് സ്പെഷ്യലിസ്റ്റ് ഡോ.ജയേഷ് പനോട്ട് പറഞ്ഞു. കുട്ടികളുടെ മരണത്തിനു കാരണം കുറഞ്ഞ ഭാരവും മാസം തികയാതെയുള്ള പ്രസവവുമാണെന്നും ഡോ. ജയേഷ് പറഞ്ഞു. മരിച്ച 21 നവജാത ശിശുക്കളിൽ 19 പേർ മാസം തികയാത്തവരാണെന്നും ഒരാൾ പ്രസവശേഷം കരഞ്ഞില്ലെന്നും ഒരാൾക്ക് അണുബാധയുണ്ടെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഓഗസ്റ്റിൽ, 24 മണിക്കൂറിനുള്ളിൽ 18 രോഗികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു.