ജൂണ്‍ നാലിന് പതിനെട്ടാം ലോക്സഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്തായിരിക്കും ?
2019ലേത് പോലെ 19-1ല്‍ ഒതുങ്ങില്ലെന്ന വിശ്വാസമാണ് ഇടതുമുന്നണിക്ക് വിശിഷ്യാ സിപിഎമ്മിനുള്ളത്. യുഡിഎഫിനാണെങ്കില്‍ പഴയ 19-1 നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയുമില്ല. ഇടതുവിരുദ്ധതരംഗമുണ്ടെങ്കില് തങ്ങള്‍ 20-20 അടിക്കുമെന്നൊക്കെ മുന്നണിയിലെ ചില നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മേനി പറയുന്നുണ്ടെങ്കിലും.
കാതലായ വിഷയം ജൂണ്‍ നാലിന് ശേഷം കേരളത്തിലെ മുന്നണി സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നതാണ് . ഇടതുമുന്നണിയിലെ മൂന്നാമത്തെ ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നിലപാട് വളരെ പ്രധാനപ്പെട്ടതാണ്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തോമസ് ചാഴികാടൻ പരാജയപ്പെടുകയും ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്താല്‍ ആ പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ എന്ത് പ്രസക്തിയെന്ന ചോദ്യം ഉയര്‍ന്നുവരും.
ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം ഇടതുപക്ഷത്തിനാണ്. ഇതിലാണ് സിപിഐയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും അവകാശവവാദം ഉന്നയിച്ചിരിക്കുന്നത്. ഒരു സീറ്റു തങ്ങള്‍ എടുക്കുമെന്നും ബാക്കിയുളള ഒന്ന് സിപിഐക്കായിരിക്കുമെന്ന സൂചന സിപിഎം കേരളാ കോണ്‍ഗ്രസിന് നല്‍കിക്കഴിഞ്ഞു. അത്ഭൂതങ്ങളൊന്നും സംഭവിച്ചില്ലങ്കില്‍ സിപിഐ നേതാക്കളിലാരെങ്കിലുമായിരിക്കും രണ്ടാമത്തെ സീറ്റില്‍ രാജ്യസഭയിലെത്തുക. കോട്ടയം സീറ്റ് നിലനിര്‍ത്തിയാല്‍ അല്‍പ്പം തലയെടുപ്പോടെ സീറ്റ് ആവശ്യപ്പെടാമെന്നും അപ്പോള്‍ സിപിഎം പ്രതിരോധത്തിലാകുമെന്നുമുളള പ്രതീക്ഷയാണ് ജോസ് കെ മാണിക്കുള്ളത്.
കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഭീഷണിയെ എങ്ങനെ മറികടക്കണമെന്ന ചിന്തയിലാണ് സിപിഎം. കാബിനറ്റ് റാങ്കോട് കൂടി ജോസ് കെ മാണിക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം നല്‍കാമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. ആ കുടുക്കില്‍ വീണാല്‍ പിന്നെ തന്റെ രാഷ്ട്രീയം അവസാനിക്കുമെന്ന് ജോസ് കെ മാണിക്കും അറിയാം. ഒരു സ്ഥാനവും കിട്ടിയില്ലങ്കിലും വേണ്ടാ ഭരണപരിഷ്കാരകമ്മീഷന്‍ പോലെയുള്ള ലാവണങ്ങളൊന്നും വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നറിയുന്നു. ഇടതുമുന്നണി വിട്ടാല്‍ തന്റെ പാര്‍ട്ടി പിളരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ജോസ് കെ മാണിയെ നയിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണി വിടുകയാണെങ്കില്‍ താല്‍ക്കാലിക ആശ്വാസത്തിനായി എന്‍കെ പ്രേമചന്ദ്രനെ ഒഴിവാക്കിക്കൊണ്ട് ബാക്കിയുള്ള ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള കരുക്കള്‍ സിപിഎം നീക്കുന്നുണ്ട്. ഷിബു ബേബി ജോണ്‍ അതിന് അര്‍ധസമ്മതം മൂളിയിട്ടുമുണ്ട്. യുഡിഎഫിലും എല്‍ഡിഎഫിലും ഉള്ള ആര്എസ്പികളെ ഒന്നാക്കി മാറ്റി ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. എന്നാല്‍ എന്‍കെ പ്രേമചന്ദ്രനെ മാറ്റി നിര്‍ത്തി ഏത് ആര്‍എസ്പിയാണ് കേരളത്തിലുള്ളതെന്നാണ് സിപിഎം നേരിടുന്ന മറ്റൊരു പ്രശ്നം. കൊല്ലത്ത് നിന്നാല്‍ ഇനിയും ജയിക്കുമെന്ന് ആത്മവിശ്വാസമുള്ള പ്രേമചന്ദ്രന് ഒരിക്കലും ഇടതുമുന്നണിയിലേക്ക് പോകില്ല. കാരണം അങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആ സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കുമെന്ന് പ്രേമചന്ദ്രന് അറിയാം.
യുഡിഎഫിലും ഇതിന് സമാനമായ പ്രതിസന്ധിയുണ്ട്. മുസ്ളീംലീഗില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഇടതുമുന്നണിയിലേക്കൊരു നോട്ടമുണ്ട്. പിണറായി വിജയനുമായി അടുത്ത വ്യക്തിബന്ധമുള്ള പികെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫിലെ പിണറായിയുടെ ട്രോജന്‍ കുതിര എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും രഹസ്യമായി വിളിക്കുന്നത്. എന്നാല്‍ ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് പഴയപോലെ സ്വാധീനമില്ലെന്നതും സിപിഎമ്മിന് അറിയാം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും പകുതി പകുതി സീറ്റുകള്‍ പങ്കിടുന്ന അവസ്ഥയുണ്ടായാല്‍ സിപിഎമ്മിന്റെ ലീഗ് അനുനയ നീക്കങ്ങള്‍ക്ക് വീണ്ടും ജീവന് വയ്കും. കോണ്‍ഗ്രസാകട്ടെ അത് മുന്‍കൂട്ടി കാണുന്നുമുണ്ട്. അതിന് തടിയിടാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. പക്ഷെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലയില്‍ ആയാല്‍ മാത്രമേ മുസ്ളീംലീഗിനെ യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയുകയുള്ളു.
ചുരുക്കത്തില്‍ ജൂണ്‍ നാല് ചൊവ്വാഴ്ച കേരളത്തിലെ ഇരുമുന്നണികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും കേരളത്തിന്റെ രാഷ്ട്രീയ ഭാവി എങ്ങനെ ആയിരിക്കുമെന്ന് തീരുമാനിക്കുന്നത് ഈ ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലമാണ്