ന്യൂഡൽഹി: അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള കൂട്ടായ്മ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രമുഖ പ്രതിപക്ഷകക്ഷികളുടെ ആദ്യ സമ്പൂർണ യോഗം ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ ഇന്നു നടക്കും. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന യോഗത്തിൽ 20 പ്രതിപക്ഷ കക്ഷികൾ പങ്കെടുക്കുമെന്നാണ് സൂചന.
നിതീഷ് കുമാർ നിരവധി പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചകളാണ് പാറ്റ്ന യോഗത്തിലേക്ക് നയിച്ചത്. 2024 തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ നേതാക്കളെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ പാറ്റ്നയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദിനെയും മമത കണ്ടു.ബംഗാളിൽ പരസ്പ്പരം മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും കോൺഗ്രസും ഒരേ യോഗത്തിൽ സംയുക്ത നീക്കത്തിനുള്ള കൂടിയാലോചനയിൽ പങ്കെടുക്കുന്നു എന്നത് അടക്കമുള്ള നിരവധി കൗതുകങ്ങൾ ഈ യോഗത്തിലുണ്ട്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള സഖ്യത്തിന് പ്രാദേശിക പാർട്ടികളുടെ താത്പര്യങ്ങൾ തടസമാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. യോഗത്തിൽ ബി.എസ്.പി പങ്കെടുക്കില്ലെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബി.എസ്.പിയെ ക്ഷണിച്ചിട്ടില്ലെന്നാണ് സംഘാടകരുടെ പക്ഷം.യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പാറ്റ്നയിൽ എത്തിയിട്ടുണ്ട്. നേരത്തെ തീരുമാനിച്ച കുടുംബ പരിപാടിയുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ആർ.എൽ.ഡി അദ്ധ്യക്ഷൻ ജയന്ത് ചൗധരി നിതീഷ് കുമാറിന് കത്തയച്ചു.
അജണ്ട ബി.ജെ.പിയെ എതിർക്കൽ
2024 ലെ പൊതുതിരഞ്ഞെടുപ്പിലും മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ എതിർത്ത് പ്രതിപക്ഷ മുന്നണി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തിരഞ്ഞെടുപ്പിനു മുൻപ് പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതിൽ ഒത്തുതീർപ്പായില്ലെന്നാണ് സൂചന. പശ്ചിമബംഗാൾ, കേരളം, ഡൽഹി, പഞ്ചാബ്, മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ നേർക്കുനേർ വരുന്ന സാഹചര്യവും ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാർത്ഥിത്വവും സീറ്റ് ധാരണകളും വെല്ലുവിളിയാണ്.
പങ്കെടുക്കുന്ന പ്രമുഖർ
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി(കോൺഗ്രസ്), നിതീഷ് കുമാർ(ജെ.ഡി.യു), പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അഭിഷേക് ബാനർജി(തൃണമൂൽ), തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ(ഡി.എം.കെ), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ(ആംആദ്മി പാർട്ടി), അഖിലേഷ് യാദവ്(സമാജ്വാദി പാർട്ടി), തേജസ്വി യാദവ്(ആർ.ജെ.ഡി,) ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ(ജെ.എം.എം), ഉദ്ധവ് താക്കറെ(ശിവസേന), ശരദ് പവാർ(എൻ.സി.പി), ഡി.രാജ(സി.പി.ഐ), സീതാറാം യെച്ചൂരി(സി.പി.എം,)മെഹബൂബ മുഫ്തി(പി.ഡി.പി), ഫറൂഖ് അബ്ദുള്ള(നാഷണൽ കോൺഫറൻസ്),