മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ സീറ്റ് വിഭജനം ഈ മാസം 30 ഓടെ പൂർത്തിയാകും. ഇന്നലെ ചേർന്ന ഇന്ത്യ മുന്നണിയിലെ അംഗങ്ങളുടെ അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം. മുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായ ചർച്ചകൾ ഇന്ന് നടക്കും. മുന്നണിയുടെ മൂന്നാമത്തെ യോഗം ഇന്നലെ വൈകീട്ട് മുംബൈയിൽ തുടങ്ങി.
സെപ്റ്റംബർ 30ഓട് കൂടി സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ചർച്ചകൾ ദേശീയതലത്തിൽ വേണ്ടെന്നും സംസ്ഥാന തലങ്ങളിൽ നടക്കണമെന്നുമാണ് ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം. ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം രണ്ടാം ദിനമായ ഇന്നു നടക്കുന്ന നിർണായക യോഗത്തിൽ ഉണ്ടാകും. രാവിലെ 10ന് പ്രതിപക്ഷ പാർട്ടികളുടെ ഫോട്ടോ സെഷന് ശേഷമായിരിക്കും ഇന്ത്യ മുന്നണിയുടെ ഔദ്യോഗിക യോഗം. ശേഷം മൂന്നരയോടെ പ്രതിപക്ഷ പാർട്ടി നേതാക്കൾ മാധ്യമങ്ങളെ കാണും. ഇതിനു മുമ്പ് തന്നെ ഹൈപവർ കമ്മിറ്റി തെരഞ്ഞെടുപ്പും, ഇന്ത്യ മുന്നണി കൺവീനർ തെരഞ്ഞെടുപ്പും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ന് രാവിലെ 10ന് യോഗം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മുന്നണിയുടെ ലോഗോ പ്രകാശനവും ഉണ്ടാകും. ഉച്ചക്ക് മഹാരാഷ്ട്ര പി.സി.സി ഒരുക്കുന്ന വിരുന്നിലും പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുക്കും. രണ്ടുമാസത്തെ ഇടവേളകളിൽ യോഗം ചേരാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സാധിക്കില്ലെന്ന് ഇന്നലെ ചില നേതാക്കൾ വ്യക്തമാക്കിയിരുന്നു. കൺവീനറെ തെരഞ്ഞെടുക്കുന്നതിനു പകരം ഹൈപവർ കമ്മിറ്റിക്ക് നിർണായക ചുമതലകൾ കൈമാറുന്നത് സംബന്ധിച്ച നിർദേശങ്ങളും ഇൻഡ്യ യോഗത്തിൽ ഉയരുന്നുണ്ട്.