തെക്കന്‍ കേരളത്തിൽ സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ചിറയിൻകീഴ് എന്നായിരുന്നു നേരത്തെ പേര്. 1952ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ 1967 വരെ ഇടതു-കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലം. 1970ല്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കി വയലാര്‍ രവി സിപിഎമ്മിന്റെ കെ അനിരുദ്ധനില്‍ നിന്നും മണ്ഡലം പിടിച്ചെടുത്തു. 1967ൽ നടന്ന അതിന് മുൻപത്തെ തെരഞ്ഞെടുപ്പിൽ അനിരുദ്ധന് തോല്‍പ്പിച്ചത് കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര് ശങ്കറെ ആണെന്നറിയുമ്പോഴാണ് മണ്ഡലത്തിന്റെ ഇടതു സ്വഭാവം വ്യക്തമാവുക. 77ലും വയലാര്‍ രവി തന്നെയാണ് ചിറയിൻകീഴിൽ ജയിച്ചു കയറിയത്. എന്നാല്‍ കോണ്‍ഗ്രസ് പിളര്‍ന്നതിന് ശേഷമുള്ള 1980ലെ ഇലക്ഷനിൽ വയലാര്‍ രവിയെ ഇന്ദിരാ കോണ്‍ഗ്രസുകാരനായ എഎ റഹിം തോല്‍പ്പിച്ചു. പിന്നീട് തലേക്കുന്നില്‍ ബഷീര്‍ (കോൺഗ്രസ്സ്), സുശീല ഗോപാലന് (സിപിഎം) എന്നിവരും ചിറയികീഴിന്റെ എംപിമാരായി.
1989നു ശേഷം ഈ മണ്ഡലം കോണ്‍ഗ്രസ് പിടിക്കുന്നത് 30 വര്‍ഷത്തിന് ശേഷം 2019ലാണ്. മുന്‍മന്ത്രി അടൂര്‍ പ്രകാശായിരുന്നു എ സമ്പത്തിനെ പരാജയപ്പെടുത്തി ആറ്റിങ്ങലില്‍ നിന്നും വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ശോഭാ സുരേന്ദ്രന് 24 ശതമാനം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ചു. അന്നു മുതല്‍ ബിജെപി തങ്ങളുടെ എ ക്ളാസ് മണ്ഡലമായി കണക്കുകൂട്ടുന്നതാണ് ആറ്റിങ്ങലിനെ. അടൂര്‍ പ്രകാശായത് കൊണ്ടാണ് 2019ല്‍ കോണ്‍ഗ്രസിന് ആ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. കാരണം സിപിഎമ്മിന്റെ ഏതു സന്നാഹത്തോടും എല്ലാ അര്‍ത്ഥത്തിലും എതിര്‍ത്തു നില്ക്കാന് കഴിയുന്നയാളാണ് അടൂര്‍ പ്രകാശ്. ഈഴവ വോട്ടുകള്‍ നിര്‍ണ്ണായകമായ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇപ്പോള്‍ മല്‍സരിക്കുന്ന അടൂര്‍ പ്രകാശ്, വി ജോയി, വി മുരളീധരന് എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളും ഈ സമുദായത്തില്‍പ്പെട്ടവരുമാണ്.
ആറ്റിങ്ങലിൽ വര്‍ധിച്ചുവരുന്ന ബിജെപിയുടെ വോട്ടുശതമാനത്തിനെ ഇരുമുന്നണികളും നന്നായി ഭയപ്പെടുന്നുണ്ട്. ഈഴവ- നായര്‍ സമുദായങ്ങളും മുസ്ലിംകളുമാണ് ഈ മണ്ഡലത്തിലെ പ്രബല വിഭാഗങ്ങള്‍. ഇതില്‍ ആദ്യം പറഞ്ഞ രണ്ട് വിഭാഗങ്ങളിലേക്കും ബിജെപി ശക്തമായി കടന്നു കയറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് സീറ്റുകളും നേടിയത് ഇടതുമുന്നണിയാണ്. രണ്ടെണ്ണം സിപിഐയും നാലെണ്ണം സിപിഎമ്മും. എല്ലായിടത്തും വലിയ ഭൂരിപക്ഷവുമുണ്ടായിരുന്നു. എന്നിട്ടും ഇത്തവണ ലോക്സഭാ മണ്ഡലം കൈവിട്ടു പോവുകയാണെങ്കില്‍ അത് സിപിഎമ്മിന് വലിയ നാണക്കേടായിരിക്കും. അതുകൊണ്ടാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയും മണ്ഡലത്തില്‍ വലിയ വ്യക്തിസ്വാധീനവുമുളള വി ജോയിയെത്തന്നെ സ്ഥാനാർഥി ആക്കിയത്. അടൂര്‍ പ്രകാശിനെപ്പോലൊരാളെ തടഞ്ഞുനിര്‍ത്താന്‍ സിപിഎമ്മിനുള്ളിലെ അടൂര്‍ പ്രകാശായ വി ജോയിക്ക് സാധിക്കുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്.
ബിജെപിയാകട്ടെ കേന്ദ്രമന്ത്രി വി മുരളീധരനെത്തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി മുരളീധരന് എല്ലാ പരിപാടികളിലുമുണ്ട്. 2019 ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്റെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം അനൗദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. 24 ശതമാനം വോട്ടെന്നത് 34 ശതമാനത്തിലെത്തിച്ചാല്‍ പോലും ബിജെപിക്ക് വിജയിക്കാന്‍ കഴിയില്ല. എന്നാല്‍ കേരളത്തിലെ അവരുടെ ദീര്‍ഘകാല പദ്ധതിയില്പ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലവും അതില്‍പ്പെടുന്ന വര്‍ക്കല, നെടുമങ്ങാട്, നിയമസഭാ സീറ്റുകളും. രണ്ട് പട്ടികജാതി സംവരണ മണ്ഡലങ്ങളും ഈ ലോക്സഭാ സീറ്റിന്റെ പരിധിയില്‍ വരുന്നുണ്ട്. ആറ്റിങ്ങലും ചിറയന്‍കീഴും. തിരുവനന്തപുരം ജില്ലയുടെ വടക്കന്‍ മേഖലയും മലയോര പ്രദേശങ്ങളായ അരുവിക്കരയും കാട്ടാക്കടയും ഉള്‍പ്പെടുന്ന ഈ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടമാണ്.
അടൂര്‍ പ്രകാശില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കുന്നതിനെക്കാള് സിപിഎം ശ്രദ്ധിക്കുന്നത് വി മുരളീധരന് നേടുന്ന വോട്ടുകള്‍ കോണ്ഗ്രസിന്റേതായിരിക്കുമെന്ന് ഉറപ്പിക്കാനാണ്. കാട്ടാക്കട മണ്ഡലത്തിലെ നാടാര്‍ ക്രിസ്ത്യന്‍ വോട്ടുകളും ചിറയന്‍കീഴ്, വര്‍ക്കല, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ മുസ്ലിം വോട്ടുകളും സ്വന്തമാക്കാനാണ് സിപിഎം ശ്രമം. അത് പൂര്‍ണ്ണമായി വിജയിച്ചാല്‍ മാത്രമേ വി ജോയിക്ക് എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളു. ആറ്റിങ്ങല്‍ പഴയ ആറ്റിങ്ങലല്ലന്ന് സിപിഎമ്മിനും കോണ്‍ഗ്രസിനും നന്നായി അറിയാം.