അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മല്സരം എന്നിരിക്കെ ആദ്യ കാളി തന്നെ തീപാറും എന്നുറപ്പാണ്.
45 ദിവസത്തിനും 48 മത്സരങ്ങൾക്കുമപ്പുറമാണ് ഇന്ത്യ ആതിഥ്യം അരുളുന്ന ലോകകപ്പിൽ അവകാശികൾ പിറക്കുക. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പകൽ രണ്ടിന് തുടങ്ങുന്നമത്സരത്തിൽ 2019 ലോകകപ്പ് ഫൈനലിന്റെ വിജയമധുരം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ടും മുറിവുണക്കാൻ കിവികളും ഇറങ്ങുന്നു. ലോർഡ്സിൽ ബൗണ്ടറിക്കണക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. കിവികൾക്ക് ആ വേദന മാറിയിട്ടില്ല.
പരിക്ക് ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കിവികൾക്കായി പക്ഷേ ആദ്യമത്സരത്തിറങ്ങില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ ടോം ലാതം വ്യക്തമാക്കി. ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമാണ്. ലോകപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പരയിലും ന്യൂസിലൻഡിനെ കീഴടക്കിയാണ് വരവ്. അവസാനം നേരിട്ടേറ്റുമുട്ടിയ അഞ്ചിൽ നാലിലും ഇംഗ്ലീഷ് പട വെന്നിക്കൊടി നാട്ടി.
രണ്ട് സന്നാഹമത്സരങ്ങളിൽ ഇന്ത്യയുമായുള്ള മത്സരം മഴയിൽ മുങ്ങിയെങ്കിലും ബംഗ്ലാദേശിനോടുള്ള മത്സരം നാലുവിക്കറ്റിന് മഴനിയമപ്രകാരം ഇംഗ്ലണ്ട് ജയിച്ചു. വിരമിക്കൽ പിൻവലിച്ച് തിരികെയെത്തിയ ബെൻ സ്റ്റോക്സ് തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ടിന്റെ കുന്തമുന. കഴിഞ്ഞ എട്ട് ഇന്നിങ്സുകളിൽ നിന്ന് പതിനെട്ട് വിക്കറ്റ് നേടിയ ആദിൽ റഷീദും പ്രതീക്ഷയാണ്. മൊയീൻ അലി ബാറ്റിലും ബോളിലും തിളങ്ങുന്ന കളിക്കാരനാണ്. അതിനിടെ സ്റ്റോക്സ് ആദ്യ മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന.
സന്നാഹ മത്സരങ്ങളിൽ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് ന്യൂസിലൻഡ് അഹമ്മദാബാദിൽ എത്തിയത്. ഡെവൺ കോൺവെ-വിൽ യങ് ഓപ്പണിങ് സഖ്യം താളം കണ്ടത്തേണ്ടതുണ്ട്. ട്രെന്റ് ബോൾട്ടിനായിരിക്കും പേസ് നിരയുടെ ഉത്തരവാദിത്തം. പതിനെട്ട് ഇന്നിങ്സുകളിൽ നിന്ന് പതിനെട്ട് വിക്കറ്റെടുത്ത മാറ്റ് ഹെൻറിക്കൊപ്പം ബോൾട്ടും സൗത്തിയും ചേർന്നാൽ ന്യൂസിലൻഡ് പ്രഹരശേഷി വർധിക്കുമെന്നുറപ്പാണ്. അതേസമയം ചൂടുള്ള അന്തരീക്ഷത്തോട് ഇണങ്ങുകയാണ് ഇരുടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. 36 ഡിഗ്രി ചൂടാണ് അഹമ്മദാബാദിൽ.
ജേതാക്കൾക്ക് 34 കോടി രൂപ
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരാകുന്ന ടീമിന് 34 കോടി രൂപ സമ്മാനം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് (ഐസിസി) സമ്മാനത്തുകകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഒക്ടോബർ അഞ്ചുമുതലാണ് ലോകകപ്പ്. രണ്ടാംസ്ഥാനക്കാർക്ക് 17 കോടി നൽകും. സെമിയിൽ തോൽക്കുന്ന ടീമുകൾക്ക് ഏഴുകോടി രൂപ വീതവും ലഭിക്കും.
സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം
ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ കാണാം. ഹോട്സ്റ്റാറിലാണ് ഓൺലൈൻ സംപ്രേഷണം. പകൽ രണ്ടിനാണ് മത്സരങ്ങൾ ആരംഭിക്കുക. ആറ് ദിവസം രണ്ട് കളിയുണ്ട്. ഇത് രാവിലെ 10.30നും പകൽ രണ്ടിനും നടക്കും.