ബംഗളൂരു : ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഇരുപത്തിയൊന്‍പതുകാരനായ മലയാളിയെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം, കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് എന്നിവരെയാണ് കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു ദിവസം മുന്‍പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഞായറാഴ്ച മുറിയില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം,
നഴ്സിങ് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ അബില്‍ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊത്തന്നൂര്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് യുവതിയുടെ ഭര്‍ത്താവ് വിളിച്ചതിന് പിന്നാലെയാണ് ആത്മഹത്യയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിന്റെ കാരണം അറിവായിട്ടില്ല. ഇരുവരുടെയും ഫോണ്‍ ലോക്ക് ചെയ്തതിനാല്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടിയതായും യുവാവിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.