കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 20 വയസ്സുകാരിയായ ഐശ്വര്യയെയാണ് കാണാതായത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെയാണ് കാണാതായത്. കാണാതായ പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.. 18ാം തീയതി രാവിലെ പത്തരയോടെ കരുനാഗപ്പള്ളി ജംഗ്ഷനിലൂടെയാണ് പോയത്.
ഒരു സ്കൂട്ടര്‍ യാത്രികയോട് ലിഫ്റ്റ് ചോദിച്ചാണ് ഐശ്വര്യ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവര്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഐശ്യര്യയെ ഇറക്കിയതായും വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് ഐശ്വര്യയെ കാണാതാകുന്നത്. രാവിലെ വീട്ടിൽ നിന്ന് പോയ ഐശ്വര്യ പിന്നീട് തിരികെ വരാതിരിക്കുകയും, കുട്ടിയുടെ ഫോൺ 11 മണി മുതൽ സ്വിച്ച്ഡ് ഓഫ് ആവുകയുമായിരുന്നു. കാണാതാകുമ്പോള്‍ വെള്ള ടീ ഷര്‍ട്ടും കറുത്ത പാന്റ്സും കറുത്ത ഷൂവുമാണ് ധരിച്ചിരുന്നത്. ഒരുപാട് സൗഹൃദങ്ങളൊന്നും ഐശ്വര്യ അനിലിന് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വരെ പെണ്‍കുട്ടി എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിക്കുകയാണോ എന്ന് ചോദിച്ച് മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.
നവംബർ 18 മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കേസന്വേഷിക്കുന്നത് കരുനാഗപ്പള്ളി എ എസ് പി നേതൃത്വം നൽകുന്ന പ്രത്യേക സംഘമാണ്. ഇതിന് നിർദേശം നൽകിയത് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ ആണ്.