കൊച്ചി : ട്വന്റി20യിലെ ആഭ്യന്തര കലാപത്തില്‍ കുന്നത്തുനാട് പഞ്ചായത്തില്‍ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി ട്വന്റി20. ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് പ്രസിഡന്റ് എംവി നിതാമോളെ പുറത്താക്കിയത്. പ്രസിഡന്റിനോട് ട്വന്റി 20 പാര്‍ട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും രാജി വയ്ക്കാതിരുന്ന സാഹചര്യത്തിലാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്.
ഇന്നലെ രാവിലെ 10.30-നാണ് പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്. വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. ട്വന്റി 20-യിലെ മറ്റംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. യുഡിഎഫിലെ അഞ്ച് അംഗങ്ങളും ട്വന്റി 20-യിലെ 11 അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. സിപിഎമ്മിലെ രണ്ടംഗങ്ങള്‍ എത്തിയിരുന്നില്ല. വോട്ടെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങളും പ്രസിഡന്റിന് എതിരായി വോട്ട് രേഖപ്പെടുത്തി. മറ്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു.
പഞ്ചായത്ത് പ്രസിഡന്റ്, ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി, നിയമപരമായി അയോഗ്യനായ സിപിഎമ്മിലെ നിസാര്‍ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവത്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങളാണ് അംഗങ്ങള്‍ നിയത്ക്കെതിരെ ഉന്നയിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് യുഡിഎഫില്‍ നിന്ന് കിറ്റക്സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20, പഞ്ചായത്തിന്റെ അധികാരം പിടിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനു 3, സിപിഎം, മുസ്ലിം ലീഗ് 2 വീതം എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.