ഷിംല : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 20 മരണം. അൽമോറയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 35 പേര് ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പൊലീസും മാർച്ചുളയിലെ സാൾട്ട് ഏരിയയിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അൽമോറ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു. യാത്രക്കാരിൽ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉപ്പു സബ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാർ അറിയിച്ചു.
അപകടത്തിനിടെ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരാണ് രാവിലെ ഒമ്പത് മണിയോടെ അപകട വിവരം അധികൃതരെ അറിയിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്തനിവാരണ സെക്രട്ടറി, കുമയൂൺ ഡിവിഷൻ കമ്മീഷണർ, അൽമോറ ജില്ലാ മജിസ്ട്രേറ്റ് എന്നിവരുമായി സംസാരിക്കുകയും ബസ് അപകടത്തെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.ര ക്ഷാപ്രവർത്തനം വേഗത്തിലാക്കാനും അദ്ദേഹം നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.