തൊടുപുഴ: മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. രാവിലെ 11 ഓടെ ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. ത്രിവേണി സംഗമത്തിൽ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവർ. ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.