എറണാകുളം : കാറിൽ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആർഎസ്എസുകാരൻ ഉൾപ്പെടെ രണ്ടുപേർ പെരുമ്പാവൂരിൽ പിടിയില്‍.തമിഴ്നാട്ടിൽ നിന്ന് എത്തിച്ച രണ്ടു കോടി രൂപയാണ് പിടികൂടിയത്.ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ വീട്ടിൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ കെ സജീവ് (29) എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. അഖിൽ കെ സജീവ് കല്ലൂർക്കാട് പ്രദേശത്ത് ആർഎസ്എസിന്റെ പ്രധാന പ്രവർത്തകനാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോതമംഗലത്ത് നിന്നും പ്രതികളെയും കാറും തിരിച്ചറിഞ്ഞ പൊലീസ് കോതമംഗലം മുതൽ എം.സി റോഡ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച രീതിയിലാണ് പണം കണ്ടെത്തിയത്. പണം കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.