ഇടുക്കി: മൂന്നാറില്‍ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍. ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപമാണ് കൈയേറ്റം ഒഴിപ്പിച്ചത്. 2.20 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
അടിമാലി സ്വദേശിയായ ജോസ് ജോസഫാണ് റവന്യൂവകുപ്പിന്റെയും കെഎസ്ഇബിയുടെയും കൈവശമുണ്ടായിരുന്ന ഭൂമി കൈയേറി ഏലകൃഷി നടത്തിവന്നത്. ഇതിന് സമീപം താമസിക്കുന്നതിനായി ഒരു ഷെഡും നിര്‍മിച്ചിരുന്നു.
മുപ്പത് ദിവസത്തിനകം വീട് ഒഴിഞ്ഞുപോകാൻ ഇയാൾക്ക് നോട്ടീസ് നൽകി. ഇടുക്കി സബ്കളക്ടര്‍ അരുണ്‍ എസ്.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ഇവിടെയെത്തി ഒഴിപ്പിക്കല്‍ നടത്തിയത്.
കഴിഞ്ഞദിവസം നടന്ന ഒഴിപ്പിക്കലിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്നാണ് ഇന്ന് ദൗത്യസംഘം രഹസ്യമായെത്തി ഒഴിപ്പിക്കല്‍ നടത്തിയതെന്നാണ് വിവരം.