കൊച്ചി : കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം. അവസാന സ്റ്റേഷനായ തൃപ്പുണിത്തുറ ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ ആയി പങ്കെടുത്ത ചടങ്ങില്‍ തൃപ്പുണിത്തുറ ടെര്‍മിനലിൽ നിന്നുള്ള ആദ്യ ട്രെയിന്‍ പ്രധാനമന്ത്രി രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി ഫ്ലാഗ്ഓഫ് ചെയ്തു.
മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, കെ. ബാബു എംഎല്‍എ, ഉമാ കെ.തോമസ് എംഎല്‍എ, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയില്‍ നിന്ന് എസ്എന്‍ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും തൃപ്പൂണിത്തുറ വരെ ഈടാക്കുക.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിച്ചു.തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചി നഗരത്തിലേക്കുള്ള യാത്ര ഇനി സുഗമമാകുമെന്ന്. മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ചരിത്ര നഗരിയിലേക്ക് മെട്രോ സര്‍വീസ് എത്തുന്നത്തോടെ തൃപ്പൂണിത്തുറയും വികസന പാതയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ നെടുമ്പാശ്ശേരി ഗിഫ്റ്റ് സിറ്റി വരെ വികസിപ്പിക്കാൻ ആലോചനയുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി രാജീവ് അറിയിച്ചു. മെട്രോ ടെർമിനൽ തൃപ്പൂണിത്തുറയുടെ വികസനത്തിന് സഹായം നൽകും. തൃപ്പൂണിത്തുറ ഒരു ടൂറിസം കേന്ദ്രമായി വികസിക്കണം. അടുത്തവർഷം മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം സർക്കാർ പരിപാടിയായി നടത്താൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു