തിരുവനന്തപുരം : കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ടു മാത്രം പൂർണമായും ഇതിനു അറുതി വരുത്താൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ സാമൂഹിക മാനസിക കാരണം കൂടി ഉണ്ട്. സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരി വേരോടെ അറുത്തു മാറ്റുന്നതിനു സാമൂഹിക ഇടപെടൽ കൂടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് നമുക്ക് കൂട്ടായി ആലോചിച്ചു എടുക്കണം. ക്രിയാത്മകമായ നിർദേശങ്ങൾ ആണ് യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ളവർ നിർദേശങ്ങൾ നൽകണം. അധ്യാപകർക്ക് ചിലപ്പോൾ പ്രത്യേക പരിശീലനം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കൂടി. ലഹരി ഉപയോഗ വർധനവ് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണെന്ന് അദേഹം പറഞ്ഞു.
ലോകമാകെ നേരിടുന്ന പ്രശ്നം ആയതുകൊണ്ട് നമുക്ക് കൈയും കെട്ടി നോക്കി ഇരിക്കാനാവില്ല. അവരെ നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യം ആണ് ഏറ്റുടുക്കേണ്ടതെന്ന് മുഖ്യമന്തി പറഞ്ഞു. ലഹരി മാഫിയയുടെ കണ്ണി അറുക്കണം. സംസ്ഥാന അതിർത്തി കടന്ന് ലഹരി മരുന്ന് എത്തുന്നത് തടയണം. 2024ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി സൂചപ്പിച്ചു.
കർക്കശമായ നടപടി ഉണ്ടാകുന്നുണ്ടെന്ന് മയക്കുമരുന്ന് ലോബിക്ക് അറിയാം. ഏറ്റവും ഉയർന്ന ശിക്ഷ നിരക്ക് കേരളത്തിൽ ആണ്. 98.19 ശതമാനമാണ് കേരളത്തിലെ മയക്കുമരുന്ന് കേസുകളിലെ ശിക്ഷ നിരക്ക്. ദേശീയ ശരാശരിയെക്കാൾ കൂടുതൽ ആണ്. കുട്ടികൾ മയക്കുമരുന്നിലേക്കും, അക്രമത്തിലേക്കും കടക്കുന്നതിന്റെ സാമൂഹ്യ കാരണങ്ങൾ കണ്ടെത്തണം. എങ്ങനെയാണ് സ്വന്ത ബന്ധങ്ങളെ പോലും കൊല്ലാനുള്ള മാനസിക നിലയിലേക്ക് ഇവർ എത്തുന്നത്. മയക്കു മരുന്ന് മുതൽ ഓജോ ബോർഡുകൾ വരെയുണ്ട്. അന്ധവിശ്വാസവും, ദുർമന്ത്രവാദവും അക്രമത്തിലേക്ക് നയിക്കുന്നു. മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം ചിലവിടാൻ കഴിയാത്ത സാഹചര്യം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആഴും തോറും കയത്തിലേക്ക് വലിച്ചു താഴ്ത്തുന്ന ഡിജിറ്റൽ ലോകത്തിലേക്ക് കുഞ്ഞ് മനസ്സുകൾ അകപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ അറിവ് അവർക്ക് വേണം, പക്ഷെ നിയന്ത്രണം വേണം. കുട്ടിയെപറ്റി അമിതമായ ജാഗ്രത വച്ചുപുലർത്തുമ്പോൾ കുട്ടിയിൽ സമ്മർദ്ദം വരുന്നു. കുട്ടികൾക്ക് കളിക്കാനും മറ്റുള്ളവരുമായി ഇടപെടാനും സമയം വേണം. കളിക്കാൻ പോലും സമയമില്ലാത്ത അവസ്ഥ. അങ്ങനെ കുട്ടികൾ വീട്ടിലെ മുറിയിൽ ഒറ്റപ്പെടുന്നു. ഇത് കുട്ടിയുടെ മനസിനെ വല്ലാതെ താളം തെറ്റിക്കുന്നു. സമയ പ്രായക്കാർ അല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ ഇത്തരം കുട്ടികളെ ബന്ധപ്പെട്ട് സ്വാധീനത്തിൽ ആക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.