മംഗലൂരു : കര്‍ണാടകയില്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ബാധിച്ച് 19 വയസ്സുകാരി മരിച്ചു. ശിവമോഗ ജില്ലയിലെ ഹോസനഗര താലൂക്ക് അരമനകൊപ്പ ഗ്രാമവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
കെഎഫ്ഡി ( ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് ) രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാലിലെ കെഎംസി ആശുപത്രിയില്‍ ഈ മാസം നാലു മുതല്‍ ചികിത്സയിലായിരുന്നു. കെഎഫ്ഡി രോഗം ബാധിച്ച് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണിത്.
കുരങ്ങുപനി എന്നും അറിയപ്പെടുന്ന രോഗംപ്രധാനമായും ചെള്ളുകളാണ് പരത്തുന്നത്. ഡിസംബര്‍ 26 അടയ്ക്ക പൊളിക്കാന്‍ പോയ കുട്ടിക്ക്, പിറ്റേന്ന് പനി അനുഭവപ്പെട്ടു. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഡിസംബര്‍ 30 ആയതോടെ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശിവമോഗയിലെ മക്ഗാന് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിനിടെ കുട്ടിക്ക് മസ്തിഷ്കജ്വരവും ബാധിച്ചു. ജനുവരി രണ്ടിനാണ് പെണ്‍കുട്ടിക്ക് കെഎഫ്ഡി സ്ഥിരീകരിച്ചത്. തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയത്.