ന്യൂഡല്‍ഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം അയച്ചതിന് 19കാരന് അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ ഗണേഷ് കുമാര്‍ വനപര്‍ദിയെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയതത്. ഇയാളെ ഈ മാസം എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 400 കോടി രൂപ ആവശ്യപ്പെട്ട് നാല് ദിവസം മുമ്പ് മൂന്ന് ഇമെയിലുകളാണ് മുകേഷ് അംബാനിക്ക് വന്നത്. ആദ്യം ഭീഷണി സന്ദേശം വന്ന മെയിലില്‍ നിന്നാണ് പുതിയതായി രണ്ട് ഭീഷണി സന്ദേശം കൂടി എത്തിയത്.
ആദ്യ ഭീഷണി സന്ദേശത്തില്‍ തന്നെ മുകേഷ് അംബാനിയുടെ സുരക്ഷ ചുമതലുള്ള ഉദ്യോഗസ്ഥര്‍ മുംബൈയിലെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഒരു ഇമെയില്‍ സന്ദേശം. ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിലും വന്നു. മൂന്നാമത്തെ ഇമെയില്‍ ഇരട്ടി തുക ആവശ്യപ്പട്ടായിരുന്നു.
20 കോടി നല്കാന് തയാറായില്ലെങ്കില്‍ നിങ്ങളെ കൊല്ലും, ഇന്ത്യയിലെ മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നായിരുന്നു ഒരു സന്ദേശം. പൊലീസിന് പിന്തുടരാനോ അറസ്റ്റ് ചെയ്യാനോ സാധിക്കില്ലെന്നും മെയിലില്‍ പറയുന്നു. ഇ മെയിലിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഭീഷണി സന്ദേശം അയയ്ക്കുന്നതിന് വേണ്ടി മാത്രം ഉണ്ടാക്കിയ അക്കൗണ്ടാണിതെന്നും പൊലീസ് പറഞ്ഞു. മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ ഭീഷണി സന്ദേശം അയച്ചതിന് കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.