സാമ്പത്തിക വർഷം (2023-24) അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനങ്ങൾ വീണ്ടും കടമെടുക്കുന്നു. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് 60,032 കോടി രൂപയാണ് അടുത്തയാഴ്ച കടമെടുക്കുന്നത്. സംസ്ഥാനങ്ങൾ ഇത്രയും വലിയ തുക കടമെടുക്കുന്നത് ആദ്യമാണ്. ഇക്കഴിഞ്ഞ 19ന് കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് 50,206 കോടി രൂപ കടമെടുത്തിരുന്നു. കടപ്പത്രം വഴിയാണ് സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. ഇതിനായുള്ള ലേലം 26ന് നടക്കും.
അടുത്തയാഴ്ച ഏറ്റവുമധികം കടമെടുക്കുന്നത് ഉത്തർപ്രദേശാണ് (10,500 കോടി രൂപ). കഴിഞ്ഞയാഴ്ചയും 8,000 കോടി രൂപയെടുത്ത് കടമെടുപ്പിൽ മുന്നിൽ ഉത്തർപ്രദേശായിരുന്നു. മഹാരാഷ്ട്ര 8,000 കോടി രൂപയും തമിഴ്നാട് 6,000 കോടി രൂപയും മധ്യപ്രദേശ് 5,000 കോടി രൂപയും കടമെടുക്കും. ഏറ്റവും കുറവ് കടമെടുക്കുന്നത് മണിപ്പൂരും (100 കോടി രൂപ) ഗോവയുമാണ് (150 കോടി രൂപ).
കേരളം കഴിഞ്ഞവാരം 3,745 കോടി രൂപയാണ് കടമെടുത്തത്. 4,866 കോടി രൂപയാണ് ചൊവ്വാഴ്ച കടമെടുക്കുന്നത്. അതേസമയം, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേരളം നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചിരിക്കുകയാണ്. ഇതിനകം നടന്ന വാദങ്ങളിലൂടെ കേരളത്തിന് 13,608 കോടി രൂപയുടെ കടമെടുക്കാനുള്ള അനുമതി കോടതി നൽകിയിരുന്നു. 19,351 കോടി രൂപ വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 13,608 കോടി രൂപ അനുവദിക്കാമെന്നും ബാക്കിതുകയ്ക്കായി കേന്ദ്രവുമായി ചർച്ച ചെയ്യാനും കോടതി നിർദേശിക്കുകയായിരുന്നു. രണ്ടുവട്ടം ചർച്ചകൾ നടന്നെങ്കിലും സമവായമുണ്ടായില്ല. 10,000 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. 5,000 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും കേരളം തള്ളി. ഇത് സംബന്ധിച്ച ഹർജിയിൽ കേരളത്തിന് ഇടക്കാല ആശ്വാസം നൽകുന്നതാണ് ഹർജി പിന്നീട് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയത്.