ന്യൂഡല്‍ഹി: രാജ്യത്ത് മദ്യപിച്ച് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റുമാരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അഞ്ച് വര്‍ഷത്തിനിടെ 1,700ല്‍ അധികം ലോക്കോ പൈലറ്റുമാര്‍ മദ്യപിച്ച് ട്രെയിന്‍ ഓടിക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയില്‍ പിടിക്കപ്പെട്ട 1,761 ലോക്കോ പൈലറ്റുമാരില്‍ 674 പേര് പാസഞ്ചര്‍ ട്രെയിനുകളും 1,087 പേര് ഗുഡ്സ് ട്രെയിനുകളും ഓടിക്കുന്നവരാണ്. ബ്രെത്ത് അനലൈസര്‍ ടെസ്റ്റിലാണ് ഇവര്‍ മദ്യപിച്ചതായി തെളിഞ്ഞത്.ലോക്കോ പൈലറ്റുമാര്‍ക്കും ഇവരുടെ സഹായികള്‍ക്കും 2014 മുതലാണ് ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കി തുടങ്ങിയത്. ശരീരത്തിലെ ബ്ലഡ് ആല്‍ക്കഹോള്‍ കണ്ടന്റ് 21 മില്ലിഗ്രാമിന് മുകളിലാണെങ്കില്‍ ഇവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് റെയില്‍വേയുടെ ചട്ടം.
നോര്‍ത്തേണ്‍ റെയില്‍വേയിലാണ് ലോക്കോ പൈലറ്റുമാര്‍ ഇത്തരത്തില്‍ ചട്ടം ലംഘിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാജ്യസഭയിൽ പ്രസംഗിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.