ഐസ്വാള്‍ : മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് പതിനേഴ് പേര് മരിച്ചു. സൈരാംഗ് മേഖലയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബൈരാവിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്.
നിര്‍മ്മാണത്തിനായി നാല്‍പ്പത് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പതിനേഴ് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി പൊലീസ് അറിയിച്ചു. തലസ്ഥാനനഗരമായ ഐസ്വാളിന് 21 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്.
ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി സോറംതാംഗ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവര്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.