കൊച്ചി : 15കാരനെ മർദ്ദിച്ച സംഭവത്തിൽ കാർ യാത്രികൻ അറസ്റ്റിൽ. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് 15കാരന്റെ മുഖത്തടിച്ചത്. ഹൈക്കോടതി ജങ്ഷനിൽ വച്ചാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം 15കാരൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ നിർത്തേണ്ടി വന്നതിന്റെ ദേഷ്യത്തിലാണ് മനു മുഖത്തടിച്ചതെന്നു വിദ്യാർത്ഥി നൽകിയ പരാതിയിൽ പറയുന്നു. ചെവിക്കേറ്റ അടി കുട്ടിയുടെ കേൾവി ശക്തിയെ ബാധിച്ചതായും പരാതിയിൽ പറയുന്നു.
കുട്ടിയെ മർദ്ദിച്ച ശേഷം മനു കാറിൽ കയറി പോയി. യുവാവ് അടിയ്ക്കുന്നതു കണ്ടിട്ടും ആരും ഇടപെട്ടില്ലെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. സെൻട്രൽ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് മനുവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ചെവിക്ക് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ ആവശ്യമാണ്. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.