ന്യൂഡല്‍ഹി : അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിക്കും കുടുംബത്തിനുമെതിരെ ആരോപണം ശക്തമാക്കി ബിജെപി. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് – ഏഷ്യയുടെ സഹപ്രസിഡന്റ് എന്നതിനപ്പുറം, സോണിയാ ഗാന്ധിയും നെഹ്റു-ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് ബിജെപി ആരോപിച്ചു.
സോറോസിനെപ്പോലെ തന്നെ ഹംഗറി സ്വദേശിയായ ഫോറി നെഹ്റു, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ബന്ധുവായ ബി കെ നെഹ്റുവിനെ വിവാഹം കഴിച്ചു, അങ്ങനെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ അമ്മായിയായി. ബി കെ നെഹ്റു അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച കാലം മുതല്‍ ജോര്‍ജ് സോറോസ് ഫോറി നെഹ്റുവിനെ സന്ദര്‍ശിച്ചതായും അവരുമായി ദീര്‍ഘമായ കത്തിടപാടുകള്‍ നടത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി എക്സില്‍ കുറിച്ചു.
ഇവരുടെ ആഴത്തിലുള്ള ബന്ധം, നെഹ്റു-ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക, വ്യവസായ താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തിന്റെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടാകാമെന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ജോര്‍ജ്ജ് സോറോസും നെഹ്റു കുടുംബവും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് – ഏഷ്യാ പസഫിക്കിന്റെ സഹ പ്രസിഡന്റ് എന്ന നിലയിലുള്ള സോണിയ ഗാന്ധിയുടെ പങ്കിനപ്പുമാണത്- ബിജെപി ആരോപിച്ചു.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ജോര്‍ജ്ജ് സോറോസിന്റെ പിന്തുണയുള്ള സംഘടനകളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. കശ്മീരിനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന, ജോര്‍ജ് സോറോസ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന FDL-AP യുമായി സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി ഞായറാഴ്ച ആരോപിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനമാണ് ഈ കൂട്ടുകെട്ട് കാണിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.