കണ്ണൂര്‍ : കോണ്‍ഗ്രസ് നിയന്ത്രിത ട്രസ്റ്റ് ഭരിക്കുന്ന മാടായി കോളജില്‍ ബന്ധുവായ സിപിഎം പ്രവര്ത്തകന് പ്യൂണ്‍ നിയമനം നല്കാന് നീക്കം നടത്തിയെന്നു ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് എംപിയും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ എം കെ രാഘവന്റെ കോലം കത്തിച്ചു. മാടായിയില്‍ കല്യാശേരി, മാടായി ബ്ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരുമാണ് രാഘവനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്.
നേരത്തെ കോളേജ് ഭരിക്കുന്ന പ്രിയദര്‍ശിനി ട്രസ്റ്റിന്റെ ചെയര്‍മാനായ എം കെ രാഘവനെ ഇന്റര്വ്യുവിനെത്തിയപ്പോള് ബ്ളോക്ക് ഭാരവാഹിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നാല് പേരെ ഡിസിസി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു മാടായി, കല്യാശേരി ബ്ളോക്കിലെ ഭാരവാഹികളും പ്രവര്‍ത്തകരും ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്തും കൂട്ടരാജി ഭീഷണി മുഴക്കിയിരുന്നു.
ഇതിന് പിന്നാലെ കോളേജ് ഡയറക്ടര്‍മാരെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ എംകെ രാഘവനെതിരെ കെപിസിസിയും എഐസിസിയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ രാഘവന്റെ കോലം കത്തിച്ചത്.