തിരുവനന്തപുരം : തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്രാപിച്ച് ഡിസംബര്‍ 11ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്തും , വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.