ന്യൂഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന, കെഎം ഷാജിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു.
‘മുസ്ലീം ലീഗ് ഒരിക്കലും ഇത് വഖഫ് ഭൂമിയല്ലെന്ന നിലപാട് എടുത്തിട്ടില്ല. വസ്തുതയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് വിവാദമാക്കേണ്ട കാര്യമില്ല. ഒരുഘടത്തില്‍ പോലും പാണക്കാട് തങ്ങള്‍ ഇത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ല. ലീഗിനെ സംബന്ധിച്ചിടത്തോളം നിലപാട് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് അല്ല, ആര് പറഞ്ഞാലും വഖഫ് ഭുമിയല്ലെന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ല’.
ജനവിഭാഗങ്ങള്‍ തമ്മില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അല്ലാതെ എന്തെങ്കിലും പ്രശ്നങ്ങളോ വിവാദങ്ങളോ ഉയര്‍ന്നുവന്നാല്‍ ശാന്തിമന്ത്രവുമായി പോയ പാരമ്പര്യമാണ് ലീഗിനുള്ളത്. ജനങ്ങള്‍ക്കിടിയല്‍ സൗഹൃദമുണ്ടാക്കുന്ന പരിശ്രമം എന്നും എടുത്തിട്ടുണ്ട്. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് അര്‍ഥമില്ല’ – ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു ഷാജി മുനമ്പം വിഷയം എടുത്തിട്ടത്. ‘മുനമ്പം വിഷയം വലിയ പ്രശ്നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജ് അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്’-കെ.എം ഷാജി പറഞ്ഞു. ഷാജിയുടെ നിലപാട് തള്ളി പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാടെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.