തിരുവനന്തപുരം : താലൂക്കുതലത്തില്‍ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച തിരുവനന്തപുരം താലൂക്ക് അദാലത്തോടെയാണ് തുടക്കമാകുക. സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമെന്‍സ് കോളജില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി ജി ആര് അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കും. തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ പരിഹരിക്കും.
ജനുവരി 13 വരെ നീളുന്ന അദാലത്തില്‍ തത്സമയം തീര്‍പ്പാക്കാവുന്നവ അദാലത്തില്‍ തന്നെ പരിഹരിക്കും. ശനിയാഴ്ചവരെ 8336 പരാതികളാണ് ലഭിച്ചത്. karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്ക് വഴിയോ പരാതി നല്‍കാം.
അദാലത്ത് നടക്കുന്ന സ്ഥലത്ത് ഹെല്‍പ്പ് ഡെസ്കിലും പരാതി സ്വീകരിക്കും. പോര്‍ട്ടല്‍ വഴി ലഭിക്കുന്നവ കലക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് നല്‍കും. നടപടിയെടുത്ത് അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.