കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന് വെല്ലുവിളിച്ചു. സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതിയെന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.
‘അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാം. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും അറിയാം. സിപിഎമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്തു പിള്ളേര് മതി.’- കെ സുധാകരന് വെല്ലുവിളിച്ചു.
‘വൈദ്യുതി നിരക്ക് കൂട്ടിയ ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണ്. ഇടതുപക്ഷത്തിന്റെ നയം ഇതാണ്. അത് അവരുടെ പണിയാണ്. അവര്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ജനങ്ങളോട് പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ക്ക് ഗുണകരമായ ഒരു ചുക്കും ചുണ്ണാമ്പും ഇരുവരെ അവര്‍ പൊരിച്ചിട്ടില്ല, ഇനിയൊട്ട് പൊരിക്കാനും പോകുന്നില്ല’- കെ സുധാകരന് കുറ്റപ്പെടുത്തി.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ മാറുമെന്നത് മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രചാരണമാണിത്. മാറ്റം തീരുമാനിക്കുന്നത് ഇവിടെയല്ലെന്നും സുധാകരന് പറഞ്ഞു.