തിരുവനന്തപുരം : കെ ഗോപാലകൃഷ്ണന് പിന്നാലെ സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസിനും കുറ്റാരോപണ മെമ്മോ. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യവിമര്‍ശനത്തിലാണ് എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്‍കിയത്. സസ്പെന്‍ഷനിലായ ശേഷവും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നാണ് കുറ്റാരോപണ മെമ്മോയിലെ പരാമര്‍ശം. പ്രശാന്ത് സര്‍വ്വീസ് ചട്ട ലംഘനം തുടര്‍ന്നുവെന്നും ചീഫ് സെക്രട്ടറി നല്കിയ മെമ്മോയില്‍ പറയുന്നു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്. ജയതിലകിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ ഏറെ സാധ്യതയുള്ള ഉദ്യോഗസ്ഥനാണ് ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്.
കഴിഞ്ഞദിവസമാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്പെന്‍ഷനിലുള്ള ഐഎഎസ് ഓഫീസര്‍ കെ ഗോപാലകൃഷ്ണനു കുറ്റാരോപണ മെമ്മോ നല്‍കിയത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് തന്നെയാണ് മെമ്മോ നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് മെമ്മോയിലുള്ളത്.
സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു. അനൈക്യത്തിന്റെ വിത്തുകള്‍ പാകി. ഓള് ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങള്‍ മെമ്മോയിലുണ്ട്. ഗോപാലകൃഷ്ണന്റെ പ്രവൃത്തികള്‍ ഓള് ഇന്ത്യ സര്‍വീസ് റൂള്‍സിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നു മെമ്മോയില്‍ വിമര്‍ശനമുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല. മില്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രുപ്പുകള്‍ ഉണ്ടാക്കി. ഫോറന്‍സിക് പരിശോധനയ്ക്കു മുന്‍പ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്തു തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും മെമ്മോയില്‍ വിമര്‍ശനമുണ്ട്. 30 ദിവസത്തിനുള്ളില്‍ കെ ഗോപാലകൃഷ്ണന് മറുപടി നല്‍കണം. ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മെമ്മോയില്‍ പറയുന്നു.