കണ്ണൂർ : പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു. കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. ഇന്ന് വൈകിട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.
ഓഫീസിന്റെ അവസാന അറ്റകുറ്റപ്പണികൾക്കായി രാത്രി 11.30 വരെ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയി. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്ഘാടനം ഇന്ന് തന്നെ നടത്തുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.